Leader Page
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്ന പേര് അത്ര ലളിതമല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ മുതൽ കംപ്യൂട്ടറുകൾ വരെ, ഇൻസ്റ്റ പേജ് മുതൽ സ്പോട്ടിഫൈ വരെ സർവവും എഐ മയം.
റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതുമൊക്കെ പല ഇംഗ്ലീഷ് സിനിമകളിലും നാം കണ്ടിട്ടുണ്ടാകും. അതേ വഴിയിലാണ് ലോകം ഇന്നു മുന്നോട്ട് പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാട് കാര്യങ്ങൾ ഗൂഗിളിലും മറ്റ് സെർച്ച് എൻജിനുകളിലും തിരയുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു എഐ വികസിക്കപ്പെടുകയാണെന്ന് എത്രപേർ ഓർക്കാറുണ്ട്.
എഐ വിപ്ലവം സാധാരണക്കാരന് വഴി പറഞ്ഞുകൊടുക്കുന്നതു മുതൽ മൾട്ടിനാഷണൽ കമ്പനികൾക്ക് അവരുടെ ഉത്പന്നങ്ങൾ ശരിയായ ഉപഭോക്താവിലേക്കു എത്തിക്കുന്നതിനുവരെ സഹായിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും എഐയുടെ സഹായമുണ്ട്. മനുഷ്യന് പകരം പല ജോലികളും ചെയ്യുന്ന റൊബോട്ടുകൾ ലോകം മുഴുവൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിസപ്ഷനിസ്റ്റായും മാൻഹോൾ ക്ലീനറായും ഡോക്ടറായും ചാരനായും വഴികാട്ടിയായും റോബോട്ടുകൾ മാറുന്നു. കൊച്ചിയിൽപോലും റോബോട്ടുകൾ കണ്ണ് ഓപ്പറേഷൻ ചെയ്യുന്ന കാഴ്ച കാണാം.
മാറ്റങ്ങൾ പ്രവചനാതീതം
കംപ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നിർമിതബുദ്ധിയുടെ (എഐ) ഏറ്റവും വലിയ സവിശേഷത. 20 വർഷങ്ങൾക്കു മുൻപ് ഇന്റർനെറ്റ് എങ്ങനെ ആയിരുന്നുവോ ആ ഘട്ടത്തിലാണ് നിർമിതബുദ്ധി ഇപ്പോഴുള്ളത്. അടുത്ത 10 വർഷത്തിനുള്ളിൽ അത് മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കും.
പൊതുസേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചുകൊണ്ടിരിക്കുന്ന അതിവിപുലമായ വ്യക്തിഗത വിവരങ്ങൾ കംപ്യൂട്ടറുകളിൽ ഫീഡ് ചെയ്തശേഷം വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് അവ വിശകലനം ചെയ്ത് അതിൽനിന്ന് അൽഗോരിതത്തിന്റെ സഹായത്തോടെ വ്യത്യസ്ത സാഹചര്യങ്ങൾ സ്വയംതന്നെ കണ്ടെത്താൻ കംപ്യൂട്ടറുകളെ പരിശീലിപ്പിക്കുക എന്നതാണ് നിർമിതബുദ്ധി കംപ്യൂട്ടറുകൾ എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി നേരത്തേ നടത്തിയ ഷോപ്പിംഗിന്റെ അടിസ്ഥാനത്തിൽ അയാൾക്ക് അനുയോജ്യമായ പുതിയ ഉപകരണങ്ങളോ വസ്തുക്കളോ വാങ്ങാൻ നിർദേശിക്കുന്ന ഒരു പർച്ചേസ് ഷോപ്പ് അല്ലെങ്കിൽ സർവീസ് സെന്റർ നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നു. വൈദ്യശാസ്ത്രരംഗത്ത് എഐ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും മറ്റുമായി നൂതന സാങ്കേതിക പദ്ധതികളാണ് രൂപകൽപന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മനുഷ്യർ പലപ്പോഴും തിരുമാനമെടുക്കുന്നത് നമ്മുടെ തലച്ചോറിലുള്ള കോടിക്കണക്കിന് ന്യൂറോണുകൾ വ്യത്യസ്തങ്ങളായിട്ടുള്ള സാധ്യതകളെ പഠിച്ചു മനസിലാക്കിയാണ്. സെക്കൻഡിന്റെ ഒരംശത്തിൽ നടക്കുന്ന പ്രക്രിയയാണിത്. മനുഷ്യന്റെ ഈ സ്വഭാവത്തെയാണ് എഐ അതിവിദഗ്ധമായി ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യർ വരുത്താറുള്ള തെറ്റുകൾപോലും ഒഴിവാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ യന്ത്രത്തിന് കഴിയുമെന്നതിനാൽ ജോലിനഷ്ടത്തിന് സാധ്യത ഏറെയാണ്.
എഐയുടെ ബിസിനസ് സാധ്യതകൾ
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ താത്പര്യങ്ങളും സൗകര്യങ്ങളും മനസിലാക്കി പെരുമാറാൻ കഴിയുന്നു എന്നിടത്താണ് എഐയുടെ ബിസിനസ് സാധ്യതകൾ നിർണയിക്കുന്നത്. സ്വന്തമായി ഒരു കാറ് പോലുമില്ലാത്ത ഊബർ (uber) രാജ്യത്തെ പ്രമുഖ ടാക്സി സർവീസ് ആയി മാറിയതും ഒരു റസ്റ്ററന്റ് പോലും സ്വന്തമായി നടത്താതെ സൊമാറ്റോ (zomato) രാജ്യത്തെയാകെ ഭക്ഷണവിതരണ ഭീമനായതും, സ്വന്തമായി കെട്ടിടങ്ങൾ കെട്ടിപ്പൊക്കാത്ത ഓയോ, തിവാഗോ ഒക്കെ നൂറുകണക്കിന് ഹോട്ടലുകളിലേക്ക് വഴിതുറന്നതുമൊക്കെ ‘പ്ലാറ്റ്ഫോം ബിസിനസ് മോഡൽ’ എന്ന ആശയത്തിലൂടെയാണ്. ഒറ്റ ചെറുകിട വില്പനശാലയും ഇല്ലാതെ ആമസോണിനെയും ഫ്ലിപ്കാർട്ടിനെയുമൊക്കെ നമ്പർവൺ റീടെയ്ലർമാർ ആക്കിയതും ഇതേ രീതിശാസ്ത്രം തന്നെ.
ഇന്നലെവരെ കണ്ടുകൊണ്ടിരുന്ന തൊഴിൽ മേഖലകൾ അപ്രസക്തമാകുന്നതും പുതിയ തൊഴിലുകളും തൊഴിലിടങ്ങളും ക്രമേണ ഉയർന്നുവരുന്നതും ചരിത്രത്തിൽ ആവർത്തിച്ചുവരുന്ന പ്രക്രിയയാണ്. ടെലിഫോൺ കോയിൻ ബോക്സുകളും ഫിലിം അധിഷ്ഠിത കാമറകളും ഇന്റർനെറ്റ് കഫേകളും റിചാർജ് ഷോപ്പുകളുമൊക്കെ നാട്ടിൽ വലിയ തരംഗം സൃഷ്ടിച്ചതും പിന്നീട് മങ്ങി പഴഞ്ചന്മാരാകുന്നതും നേരിട്ട് കണ്ടവരാണ് നമ്മൾ. യന്ത്രവത്കരണവും സാങ്കേതികവിദ്യയുമൊക്കെ മനുഷ്യന്റെ ബുദ്ധിമുട്ടുകളെ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള ശാസ്ത്രീയ അന്വേഷണങ്ങളുടെ ഫലമാണെന്ന് അവതരിപ്പിക്കുമ്പോഴും അതിലേക്കുള്ള പ്രേരണയെയും വഴികളെയും വേഗത്തെയുമൊക്കെ നിർണയിച്ചത് ലാഭത്തിൽ മാത്രം അധിഷ്ഠിതമായ മുതലാളിത്ത താത്പര്യങ്ങളാണെന്നതും ചേർത്തുവായിക്കണം.
പുതിയൊരു തൊഴിൽ സംസ്കാരം
ഓരോ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമ്പോഴും അതിനോടൊപ്പംതന്നെ ചില തൊഴിൽ മേഖലകൾ ഇല്ലാതെയാകുന്നുണ്ട്. ഇന്റർനെറ്റ് ആദ്യകാലങ്ങളിൽ ആശയവിനിമയത്തിനും വിവരങ്ങൾ പങ്കിടുന്നതിനുമുള്ള ഇടമായിരുന്നുവെങ്കിൽ സാവധാനം അത് ഒരു മാർക്കറ്റ് പ്ലേസ് ആയി മാറുകയായിരുന്നു. പുതിയൊരു തൊഴിൽ സംസ്കാരമാണ് ഇത്തരം പ്ലാറ്റ്ഫോം ബിസിനസ് മോഡലുകൾ നാട്ടിൽ സൃഷ്ടിച്ചത്. വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ടുകൾ നമ്മുടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീടുകളിലും സജീവമായി മനുഷ്യന്റെ സന്തതസഹചാരിയാകുന്ന കാലം വിദൂരമല്ല. കൊഞ്ചിച്ചോമനിക്കാൻ വളർത്തുമൃഗമായും അടുക്കളക്കാരിയായും കിടപ്പുരോഗികളെ സഹായിക്കുന്ന നഴ്സായുമൊക്കെ റോബോട്ടുകൾ അണിയറയിൽ ഒരുങ്ങുകയാണ്.
അപകടങ്ങൾക്കും സാധ്യത
ഒരുവശത്തു നിർമിതബുദ്ധിയിലൂടെ ധാരാളം പ്രയോജനം ലഭിക്കുമ്പോൾ മറുവശത്തു വലിയ അപകടങ്ങൾക്കും സാധ്യതയുണ്ട്. അടുത്ത ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ കോടിക്കണക്കിനു മനുഷ്യർ സാമ്പത്തികമായി അപ്രസക്തമാകുമെന്ന് ഇതു സംബന്ധിച്ച് ചില പഠനങ്ങൾ പറയുന്നു. യന്ത്രവത്കരണം മൂലം തൊഴിൽനഷ്ടം സംഭവിക്കുന്നുണ്ട്. വ്യാവസായിക വിപ്ലവം മുതൽ നാം കേട്ടുപോരുന്നതാണ്. അന്നൊക്കെ നഷ്ടപ്പെട്ടിരുന്ന ജോലിക്കു പകരം ധാരാളം ജോലികൾ അതേ യന്ത്രങ്ങൾ മുഖേന ഉണ്ടായിവന്നിരുന്നു. മനുഷ്യർ ശാരീരികമായി ചെയ്തിരുന്ന ജോലികളാണ് മുമ്പ് യന്ത്രങ്ങൾ ഏറ്റെടുത്തത്.
ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കേണ്ടതിന് മനുഷ്യർതന്നെ ജോലിയിൽ തുടരേണ്ടിയിരുന്നു. ഉദാഹരണത്തിന് പുതിയവ പഠിക്കുക, കാര്യങ്ങൾ താരതമ്യം ചെയ്യുക, ആശയവിനിമയം നടത്തുക, മാനുഷിക വികാരങ്ങൾ മനസിലാക്കുക തുടങ്ങിയവ. എന്നാൽ ഇപ്പോൾ എഐ ഉപയോഗപ്പെടുത്തി ബുദ്ധിപരമായ കഴിവുകൾ ആവശ്യമുള്ള ജോലികൾ വരെ യന്ത്രങ്ങൾ ഏറ്റെടുത്തു ചെയ്യും. മനുഷ്യരുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഒക്കെ മനസിലാക്കുന്ന കംപ്യൂട്ടറുകൾ ഉപയോഗപ്പെടുത്തി ഡ്രൈവർമാരുടെയും ബാങ്കർമാരുടെയും നിയമജ്ഞരുടെയുമൊക്കെ ജോലി മെഷിനുകൾ ഏറ്റെടുക്കുന്ന കാലമാണ് വരാനിരിക്കുന്നത്. നമ്മെ വിസ്മയിപ്പിക്കുന്ന ചില ‘മാരക’ കോംബിനേഷനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയുന്നത്.
ആദ്യത്തേത് ആരോഗ്യരംഗത്താണ്. രോഗം വരുന്നതിനുമുമ്പേ അത് പ്രവചിക്കുന്ന ‘മെഡിക്കൽ എഐ’ ഡോക്ടർമാർക്കും രോഗികൾക്കും വലിയ സഹായമായി മാറും. കാർഷികരംഗത്തേക്ക് എഐ കടന്നെത്തുമ്പോൾ വയനാട്ടിലെയും ഇടുക്കിയിലെയും കുട്ടനാട്ടിലെയും കർഷകർക്ക് എളുപ്പത്തിൽ ‘സ്മാർട്ട് ഫാമിംഗ്’ പ്ലാൻ ചെയ്യാനാകും. മണ്ണ് പരിശോധിക്കാനും വളമിടാനും ഒക്കെ കംപ്യൂട്ടർ സഹായിക്കുന്ന കാലം വിദൂരമല്ല. ബാങ്കിംഗ് മേഖലയിലേക്ക് എഐ കടന്നുവരുമ്പോൾ, പണം തട്ടിക്കുന്നത് തടയാനും ഓട്ടോമേറ്റഡ് ട്രേഡിംഗിനും ഉള്ള ബുദ്ധി എഐ പറഞ്ഞുതുടങ്ങും.
മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്തും
വിദ്യാഭ്യാസരംഗത്തു എഐ കൊണ്ടുവരുന്ന മാറ്റങ്ങൾ പ്രവചനങ്ങൾക്കപ്പുറമായിരിക്കും. എല്ലാ കുട്ടികൾക്കും ഒരേ പാഠമായിരിക്കില്ല. ഓരോരുത്തരുടെയും ബുദ്ധിശക്തിക്ക് അനുസരിച്ചുള്ള ‘പേഴ്സണലൈസ്ഡ് ലേണിംഗ്’ വരും. പുതിയ എഐ വിദ്യാലയം വിസ്മയം തീർക്കും. വക്കീലിന്റെ പത്ത് മണിക്കൂർ ജോലി പത്തു മിനിറ്റിൽ തീർക്കുന്ന എഐ സിസ്റ്റങ്ങൾ നിയമ സംവിധാനങ്ങളിൽ വലിയമാറ്റം വരുത്തും.
ആർട്ടിഫിഷൽ ഇന്റലിജൻസ് തരംഗമാകുമ്പോൾ മനുഷ്യൻ അവന്റെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും. മനുഷ്യന്റെ സർഗാത്മകതയും ഉത്പാദനക്ഷമതയും പതിന്മടങ്ങു വർധിപ്പിക്കാൻ എഐക്ക് കഴിയും.
വിദ്യാസമ്പന്നരായാൽ പോരാ, സ്കിൽഡ് പ്രഫഷണൽസിനെയാണ് ഞങ്ങൾക്ക് ആവശ്യമെന്ന് തൊഴിൽ മേഖല യുവതലമുറയോട് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ യുവതലമുറയ്ക്ക് ഭാഷയുടെയോ വിവരങ്ങളുടെയോ സൗകര്യങ്ങളുടെയോ കുറവു മൂലമുണ്ടാകുന്ന പിന്നാക്കാവസ്ഥ മറികടന്ന് ലോകത്തിന്റെ പുതിയ സാധ്യതകൾ തേടാൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താമെന്നത് നമുക്കുള്ള അവസരമാണ്.
(തിരുവനന്തപുരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറാണ് ലേഖകൻ)
Movies
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിറക്കി. താരം സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.
വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്.
മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു താരത്തിന്റെ ഹർജി. അതേസമയം ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റ വാദിച്ചത്.
കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം.എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
എന്തിനാണ് മോഹൻലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓൺലൈൻ ഇകോമേഴ്സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓൺലൈൻ സ്ഥാപനം മറുപടി നൽകി.
വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകൾ മാറ്റിയതിൽ റിപ്പോർട്ട് നൽകാൻ എതിർക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
Movies
പുതിയ ചിത്രത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക് വരുന്നു ഹോളിവുഡ് ഇതിഹാസം അന്തരിച്ച വാൽ കിമർ വരാനിരിക്കുന്ന ആസ് ഡീപ് ആസ് ദി ഗ്രേവ് എന്ന ചിത്രത്തിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു.
തൊണ്ടയിലെ അർബുദം ബാധിച്ച് 65ാം വയസിൽ മരിക്കുന്നതിന് മുമ്പ് ഈ പ്രോജക്റ്റുമായി അദ്ദേഹം സഹകരിച്ചിരുന്നു. ചിത്രത്തിൽ തദ്ദേശീയ അമേരിക്കൻ ആത്മീയവാദിയും കത്തോലിക്കാ പുരോഹിതനുമായ ഫാദർ ഫിന്റൺ എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കിമറിന്റെ മക്കളായ മെഴ്സിഡസിന്റെയും ജാക്കിന്റെയും പിന്തുണയോടെ അത്യാധുനിക ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ പുനർനിർമ്മിക്കുന്നത്.
ഒരു നടന്റെ ഭൗതികസാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിന്റെ രൂപവും ഭാവവും ശബ്ദവും കൃത്യതയോടെ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഡിജിറ്റൽ റിസറക്ഷൻ എന്ന നൂതന വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
കിൽമറുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്ത് നിർമ്മിത ബുദ്ധിയിലൂടെ അദ്ദേഹത്തിന്റെ ഒരു ഡിജിറ്റൽ ക്ലോൺ നിർമ്മിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.
1920-കളിൽ നവാജോ ജനതയ്ക്കൊപ്പം പ്രവർത്തിച്ച പുരാവസ്തു ഗവേഷകരായ ആൻ, ഏൾ മോറിസ് എന്നിവരുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ടോം ഫെൽറ്റൺ, അബിഗെയ്ൽ ലോറി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഐയുടെ ഉപയോഗം സിനിമാമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, ഇത് വാല് കിമർ ആഗ്രഹിച്ച ഒരു പ്രോജക്റ്റാണെന്നും അതുകൊണ്ട് തന്നെ ഈ നീക്കം അർത്ഥവത്താണെന്നുമാണ് സംവിധായകൻ കോർട്ടെ വൂർഹീസ് വ്യക്തമാക്കുന്നത്.
National
ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
National
ന്യൂഡല്‍ഹി: വിവാഹമോചനവും ജീവനാംശവുമായി ബന്ധപ്പെട്ട കേസുകളില്‍ പങ്കാളികള്‍ക്കെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി
ഇത്തരം കേസുകളില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പങ്കാളിയെ കുടുക്കുന്നതിനായി ഡീപ് ഫേക്ക് സാങ്കേതികവിദ്യയും മറ്റ് എഐ ടൂളുകളും ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ നിര്‍മിക്കുന്നതായി കോടതി കണ്ടെത്തി. ഇവ പലപ്പോഴും യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നും കോടതി പറഞ്ഞു.
വിവാഹബന്ധം വേര്‍പിരിയുന്ന ഘട്ടത്തില്‍ പരസ്പരം പീഡിപ്പിക്കുന്നതിനായി മനഃപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാകുകയാണ്. ഇത് നീതിന്യായ വ്യവസ്ഥയെ വഴിതെറ്റിക്കാന്‍ കാരണമാകുന്നതായും കോടതി പറഞ്ഞു.
ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വേണമെന്നും ഫോറന്‍സിക് പരിശോധനകളിലൂടെ മാത്രമേ ഇത്തരം തെളിവുകള്‍ സ്വീകരിക്കാവൂ എന്നും കോടതി സൂചിപ്പിച്ചു.
ഇത്തരത്തിലുള്ള കേസുകളുടെ ബാഹുല്യം കാരണം കോടതികളുടെ സമയം നഷ്ടപ്പെടുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
National
ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശശാങ്ക് മിശ്ര.
എഐ ഉപകരണങ്ങളുടെ സഹായത്തോടെ വൈദ്യുതി മേഖലയിലെ സാങ്കേതിക പ്രശ്നങ്ങളും കൊള്ളയും കണ്ടെത്താൻ ഊർജ വിതരണ കന്പനികൾക്ക് എളുപ്പം സാധിക്കും.
ഇതോടെ വൈദ്യുതി പാഴാക്കുന്നത് തടയാനും സാധാരണക്കാരുടെ വൈദ്യുത ബിൽ കുറയ്ക്കാനും കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ശശാങ്ക് വ്യക്തമാക്കി.
മിക്ക വീടുകളിലും തെറ്റായ വയറിംഗ് മൂലമോ ഭൂമിയിലെ ചോർച്ച മൂലമോ (എർത്ത് ലീക്കേജ്) വൈദ്യുതി പാഴായി പോകുന്നതായി ശശാങ്ക് ചൂണ്ടിക്കാണിക്കുന്നു.
പ്രതിദിനം ഇത്തരം വീഴ്ചകൾ കണ്ടെത്തുന്നതിനായി എഐ ഉപകരണങ്ങൾ പ്രോഗ്രാം ചെയ്യുമെന്നും അതുവഴി വിതരണ കന്പനികൾ വീഴചയുള്ള വീടുകൾ കണ്ടെത്തി അത് പരിഹരിക്കുമെന്നും ശശാങ്ക് പറഞ്ഞു.
Leader Page
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ-നിർമിതബുദ്ധി) ടൂളുകൾ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ചാറ്റ് ജിപിടി, ജെമിനി പോലുള്ള ചാറ്റ്ബേസ്ഡ് എഐ മോഡലുകൾ ഇമെയിൽ തയാറാക്കൽ, റിപ്പോർട്ട് എഴുതുക, സാമ്പത്തിക ആസൂത്രണം, പുതിയ വിഷയങ്ങൾ പഠിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾക്കായി നാം ദിവസവും ഉപയോഗിക്കുന്നു. ഈ പോസ്റ്റ്-ഡിജിറ്റൽ യുഗത്തിൽ എഐയുടെ സാധ്യതകൾ ഏറെയാണ്. എങ്കിലും, എഐയുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം മനുഷ്യന്റെ സർഗാത്മകത, വിമർശനാത്മക ചിന്ത, മൗലികത എന്നിവയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. വർധിച്ചുവരുന്ന ഈ ആശ്രിതത്വം ഒരുതരം എഐ ആസക്തിക്ക് വഴിതുറന്നേക്കാം എന്ന മുന്നറിയിപ്പ് നാം ഗൗരവമായി കാണണം.
അമിതോപയോഗത്തിന്റെ വൈജ്ഞാനിക വെല്ലുവിളികൾ
2025 ജൂണിൽ ടൈം മാസിക റിപ്പോർട്ട് ചെയ്തതനുസരിച്ച് എംഐടിയിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ചാറ്റ് ജിപിടി പോലുള്ള ഉപകരണങ്ങളുടെ പതിവായ ഉപയോഗം വിമർശനാത്മക ചിന്താശേഷിയെ ഇല്ലാതാക്കിയേക്കാം എന്നാണ്. എഐയെ അമിതമായി ആശ്രയിച്ച ആളുകൾ വൈജ്ഞാനികവും സർഗാത്മകവുമായ പ്രവർത്തങ്ങളിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ഈ പഠനമനുസരിച്ച്, പതിവായി എഐ ഉപയോഗിക്കുന്നവർ സ്വന്തമായി ചിന്തിക്കുന്നതിന് പകരം വൈജ്ഞാനികപരമായ ജോലികൾ (കോഗ്നിറ്റീവ് ടാസ്ക്) എഐക്ക് കൈമാറുന്ന പ്രവണത കാണിക്കുന്നു. എഐയുടെ അമിതോപയോഗം ദീർഘകാലാടിസ്ഥാനത്തിൽ മാനസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. വിവരങ്ങൾ ഓർത്തെടുക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവ് ദുർബലമാകാതിരിക്കാൻ നാം ശ്രദ്ധിക്കണം.
കൂടാതെ, എഐ സംവിധാനങ്ങൾ ചിലപ്പോൾ നൽകുന്ന അയഥാർഥമായ വിവരങ്ങൾ (ഹാലൂസിനേറ്റഡ് ഇൻഫർമേഷൻ) ഒരു വലിയ പ്രശ്നമാണ്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്പീരിയൻഷൽ എഐയുടെ പഠനം, സുരക്ഷാ പ്രോട്ടോക്കോളുകളെ മറികടക്കുന്ന ‘മൾട്ടി-സ്റ്റെപ്പ് പ്രോംപ്റ്റ്-ലെവൽ ജയിൽ ബ്രേക്കിംഗ്’ പോലുള്ള രീതികൾ സാധ്യമാണെന്ന് തെളിയിക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്ക്, എഐ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാം. കുട്ടികളെയോ വൈകാരികമായി ദുർബലരായ ഉപയോക്താക്കളെയോ സംബന്ധിച്ച് എഐയുടെ പ്രവർത്തനം വലിയ ചർച്ചാവിഷയമാണ്. ഈ വിഷയങ്ങളെല്ലാം എഐ-പ്രേരിത ‘ബ്രെയിൻ ഫോഗ്’ (AI-induced brain fog) എന്ന അപകടസാധ്യത വർധിപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്തെ സാധ്യതകളും ഉത്തരവാദിത്വവും
വിദ്യാഭ്യാസമേഖലയിൽ എഐ ഉപകരണങ്ങൾ ഇരുതലമൂർച്ചയുള്ള വാളാണ്. പാഠ്യപദ്ധതി എളുപ്പത്തിൽ തയാറാക്കാൻ എഐ അധ്യാപകരെ സഹായിക്കുമ്പോൾത്തന്നെ, വേണ്ടത്ര പരിശോധനയില്ലാതെ തെറ്റായ വിവരങ്ങൾ ക്ലാസ് മുറികളിലേക്ക് എത്താൻ സാധ്യതയുണ്ട്. വിദ്യാർഥികൾ എഐ ഉപയോഗിക്കുമ്പോൾ, അവർക്ക് ആശയപരമായി ആഴത്തിലുള്ള അറിവ് നേടാൻ കഴിയാതെവരികയും പഠനം ഉപരിപ്ലവമായി മാറുകയും ചെയ്യും. വിവരങ്ങൾ തൽക്ഷണം ലഭ്യമാകുമ്പോൾ, അധ്യാപകരും വിദ്യാർഥികളും എത്രത്തോളം ഉത്തരവാദിത്വത്തോടെയും ധാർമികമായും അത് ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
തൊഴിൽപരമായ ധാർമികത
തൊഴിൽപരമായ ചുറ്റുപാടുകളിൽ എഐ സഹായകമാണെങ്കിലും, ധാർമിക വെല്ലുവിളികളുണ്ട്. പ്രഫഷണലുകൾ എഐയെ ജോലിയിൽ സഹായിക്കുന്ന ഒരു ഉപകരണമായി മാത്രം കാണുക; മൗലികമായ ചിന്തയ്ക്കു പകരമായി കണക്കാക്കരുത്. വിമർശനാത്മക വിശകലനത്തിനും മനുഷ്യന്റെ യുക്തിക്കും എപ്പോഴും പ്രാധാന്യം നൽകണം.
നയങ്ങളും നമ്മുടെ ഉത്തരവാദിത്വവും
പല രാജ്യങ്ങളിലും എഐ സംബന്ധിച്ച സർക്കാർ നയങ്ങൾ ഇപ്പോഴും രൂപപ്പെട്ടുവരുന്നതേയുള്ളൂ. സാങ്കേതികവിദ്യയുടെ വളർച്ചാവേഗം നിയമനിർമാണത്തേക്കാൾ കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ വലിയ തോതിലുള്ള എഐ സാക്ഷരതാ പരിപാടികൾ തുടങ്ങേണ്ടത് അത്യാവശ്യമാണ്.
ഒരു നല്ല എഐ സംസ്കാരത്തിലേക്ക്
എഐയുടെ ലക്ഷ്യം നമ്മുടെ കഴിവുകൾക്ക് ശക്തിപകരലാണ്, മാറ്റിസ്ഥാപിക്കലല്ല. ഈ ധാർമികമായ ഉപയോഗം തുടങ്ങുന്നത് നമ്മൾ ഓരോരുത്തരുടെയും വ്യക്തിഗത ഉത്തരവാദിത്വത്തിൽനിന്നാണ്.
എഐ നൽകുന്ന വിവരങ്ങളുടെ കൃത്യത കർശനമായി പരിശോധിക്കുക. കുട്ടികളുടെ എഐ ഉപയോഗം മുതിർന്നവരുടെ മേൽനോട്ടത്തിൽ ആയിരിക്കണം. മാനസികാരോഗ്യപരമായ വെല്ലുവിളികൾ ഉള്ളവർ മാർഗനിർദേശം തേടിയ ശേഷം മാത്രം ജനറേറ്റീവ് ടൂളുകൾ ഉപയോഗിക്കുക.
എഐക്ക് ബുദ്ധിയുണ്ടാകാം, പക്ഷേ വിവേകം മനുഷ്യനു മാത്രമാണ്. വിവേകം ബുദ്ധിയെ നയിക്കണം, അതാണ് ഉത്തരവാദിത്വമുള്ള എഐ ഉപയോഗത്തിന്റെ അടിത്തറ.
കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം
കുട്ടികളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട വിഭാഗം. ചെറുപ്പത്തിലെ എഐ ഉപയോഗം അവരുടെ സ്വാഭാവികമായ പഠനശേഷി, ഭാവന എന്നിവ തടസപ്പെടുത്തിയേക്കാം. ഇത് ശ്രദ്ധ, ഓർമ, പ്രശ്നപരിഹാര ശേഷി എന്നിവ കുറയ്ക്കുന്നു. കൂടാതെ, സ്ക്രീൻ ടൈം വർധിക്കുന്നത് ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാവാം. ജനറേറ്റീവ് എഐയുടെ ഉപയോഗം തൽക്ഷണ സംതൃപ്തി നൽകുന്നത് ഡിജിറ്റൽ ആശ്രിതത്വം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
സ്ലൊവേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് ലുബ്ലിയാന നടത്തിയ പഠനം, വിദ്യാർഥികൾക്കിടയിലെ എഐയുടെ ഉപയോഗം ‘ബൗദ്ധിക കഴിവില്ലായ്മയ്ക്ക്’ (intellectual deskilling) കാരണമാകാമെന്നു മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ വൈജ്ഞാനിക പക്ഷപാതത്തിൽനിന്ന് സംരക്ഷിക്കാൻ സ്കൂളുകളിലും വീടുകളിലും എഐ-രഹിത പഠന ഇടങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും എഐ ടൂളുകളുടെ ഉപയോഗം ചില സന്ദർഭങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
(ലീഡർഷിപ് കോച്ചും എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും
ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)